By: admin
Donation
കോഴിക്കോട് സി.എച്ച് സെന്റർ സമാനതകളില്ലാത്ത മാതൃക: സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: ജീവകാരുണ്യ മേഖലയിൽ തുല്യതയില്ലാത്ത സേവനം കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത മാതൃകയാണ് കോഴിക്കോട് സി.എച്ച് സെന്ററെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാപക ദിന ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ സി.എച്ച് അനുസ്മരണവും ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ബിൽഡിങ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 വർഷം മുമ്പ് സി.എച്ച് സെന്റർ പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന് മുമ്പ് അതുപോലൊരു മാതൃക നമുക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഇന്ന് കോഴിക്കോട് സി.എച്ച് സെന്റർ കരുത്തുറ്റ പ്രസ്ഥാനമായി മാറി. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകളുടെ മാതാവാണ് കോഴിക്കോട് സി എച്ച് സെന്റർ. ആയിരക്കണക്കിന് രോഗികൾക്ക് ആശയും പ്രത്യാശയുമാണ് സി.എച്ച് സെന്റർ. ഓരോ റമദാനിലും സി.എച്ച് സെന്ററിനെ സഹായിക്കാനുള്ള അഭ്യർത്ഥന വരുമ്പോൾ കേരളത്തിലെ മുഴുവൻ മനുഷ്യരും ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്നു. അവർ നൽകുന്ന ഓരോ സംഭാവനയും അർഹതപ്പെട്ടവരിലേക്ക് തന്നെ എത്തിച്ചേരുകയാണ്. സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ മുന്നിൽനിന്ന് നയിച്ച മുഹമ്മദലി ശിഹാബ് തങ്ങളാണ് എല്ലാ റമദാനിലെയും രണ്ടാമത്തെ വെള്ളിയാഴ്ച കോഴിക്കോട് സി.എച്ച് സെന്ററിന് വേണ്ടിയാണെന്ന് പ്രഖ്യാപിച്ച കാര്യവും തങ്ങൾ ഓർമ്മിപ്പിച്ചു.
മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വെബ്‌സൈറ്റ് ലോഞ്ചിങ് മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് ദുബൈ സി.എച്ച് സെന്റർ ബിൽഡിംങ് പദ്ധതി വിശദീകരണം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ബിൽഡിംഗ് ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആംബുലൻസ് ലോഞ്ചിങ് പി.കെ കുഞ്ഞാലിക്കുട്ടി സി.എച്ച് സെന്റർ വൈസ് പ്രസിഡന്റ് പി.എൻ.കെ അഷ്റഫിന് ചാവി നൽകി നിർവഹിച്ചു.
2025 കലണ്ടർ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടിന് നൽകി നിർവ്വഹിച്ചു. ചെസ്റ്റ് ഹോസ്പിറ്റൽ ഐ.സി.യു വാർഡിലേക്കുള്ള ഫർണിച്ചറിനുള്ള ഫണ്ട് സലാല കെ.എം.സി.സി പ്രസിഡന്റ് മുസ്തഫ ഫലൂജ കൈമാറി. വി.കെ ഹുസൈൻ കുട്ടി, ആമിന ടീച്ചർ, അഹമ്മദ് പാളയാട്ട്, എ.പി ഫൈസൽ, ടി.പി.എം ജിഷാൻ, സഫറി വെള്ളയിൽ, ടി. പി.ചെറുപ്പ പി.എം.എ സമീർ, ആർ.വി കുട്ടി ഹസ്സൻ ദാരിമി, ഒ.എം നൗഷാദ്, ഹംസ പയ്യോളി, തെക്കെയിൽ മുഹമ്മദ് സംസാരിച്ചു.എ.പി റാഫി കുനിങ്ങാട്, വലിയാണ്ടി അബ്ദുളള, അഷ്‌റഫ് തങ്ങൾ, വി. പി. ഇബ്രാഹിം കുട്ടി, ആക്കിനാരി മുഹമ്മദ്,മൊയ്തീൻ വെണ്ണക്കാട്, അബൂബക്കർ മാസ്റ്റർ, കമ്മന അബ്ദുറഹ്‌മാൻ, മൊയ്തീൻ കോയ ഹാജി പുള്ളാവൂർ, മുസ്തഫ മുട്ടുങ്ങൽ,സലാം വാവാട്, അലി കൊയിലാണ്ടി,ടി.കെ സീനത്ത്, സൗദ ഹസ്സൻ, ഇ. മാമുക്കോയ മാസ്റ്റർ, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, ഒ. ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്ദീൻ ഹാജി സംബന്ധിച്ചു. സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു.