By: admin
Donation
സി.എച്ച് സെൻ്റർ, പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തനം വലിയ ജനപ്രീതി നേടി : റഷീദലി തങ്ങൾ
കോഴിക്കോട്: കിടപ്പു രോഗികൾക്ക് സാന്ത്വനവും സമാധാനവും സഹായവും നൽകുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെയും സി.എച്ച് സെൻ്ററിൻ്റെയും പ്രവർത്തനങ്ങൾ വലിയ ജനപ്രീതി നേടിയിരിക്കുകയാണെന്നും സാധാരണക്കാർക്ക് സമാശ്വാസം നൽകുകയും കിടപ്പു രോഗികളെ സന്ദർശിച്ച് സാന്ത്വനം പകരുകയും ചെയ്ത മഹാനായ പൂക്കോയ തങ്ങളുടെ പേരിലാണ് ഈ പാലിയേറ്റീവ് പ്രവർത്തനമെന്നത് ആ പേരിനെ അന്വർത്ഥമാക്കുന്നതാണെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെൻ്ററിൽ നടന്ന പി.ടി.എച്ച് നാലാം വാർഷികവും വളണ്ടിയർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് ഷഫാഫിൻ്റെ ഖിറാഅത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സലാല കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് സെൻ്ററിനു നൽകുന്ന ഫ്രീസർ ഫണ്ട് ഭാരവാഹികളായ ശംസീർ, ജലീൽ എന്നിവർ റഷീദലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചു. സി.എച്ച് സെൻ്റർ സംസ്ഥാന സബ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട റഷീദലി ശിഹാബ് തങ്ങൾക്കുള്ള കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ഉപഹാരം പ്രസിഡൻ്റ് കെ.പി കോയ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.ആർ വിഭാഗം പ്രൊഫസർ ഡോ.കെ ഷഹദാദ് എം.ഡി പാലിയേറ്റീവ് ക്ലാസിന് നേതൃത്വം നൽകി. ഫറൂഖ് ട്രെയ്നിങ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജൗഹർ മുനവ്വർ മോട്ടിവേഷണൽ സ്പീച്ച് നടത്തി. ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, ജില്ല വനിത ലീഗ് പ്രസിഡൻ്റ് ആമിന ടീച്ചർ, ജനറൽ സെക്രട്ടറി ഷറഫുന്നീസ ടീച്ചർ, സി.എച്ച് സെൻ്റർ ദുബൈ ചാപ്റ്റർ ട്രഷറർ പി.കെ ജമാൽ ആശംസകൾ അറിയിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഒ. ഉസ്സയിൻ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി പാലിയേറ്റീവ് ചികിത്സാ രീതികളെ പരിചയപ്പെടുത്തി കൊണ്ടുള്ള സാങ്കേതിക ക്ലാസുകൾക്ക് പി.ടി.എച്ച് സ്റ്റാഫ് നേഴ്സുമാർ നേതൃത്വം നൽകി. പാലിയേറ്റീവ് രോഗികളുടെ കൂട്ടിരിപ്പുകാർ സേവനാനുഭവങ്ങൾ പങ്കുവെച്ചു. ജില്ലയിലെ വിവിധ പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്നായി അഞ്ഞൂറോളം പാലിയേറ്റീവ് വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുത്തു. ട്രഷറർ ടി.പി മുഹമ്മദ്, വൈസ് പ്രസിഡൻ്റുമാരായ പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി, സെക്രട്ടറിമാരായ ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, പി.ടി.എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ, ജനറൽ മാനേജർ അബ്ദുറഹ്മാൻ. കെ.കെ എന്നിവർ നേതൃത്വം നൽകി. പി.ടി.എച്ച് കോഡിനേറ്റർമാർ, സി. എച്ച് സെൻ്റർ സ്റ്റാഫ്, വളണ്ടിയർമാർ, സംബന്ധിച്ചു.