By: admin
Donation
തളർന്നു പോകുന്നവർക്ക് സ്നേഹം കൊണ്ട് തണലൊരുക്കുകയാണ് സി.എച്ച് സെൻ്റർ: ബഷീറലി തങ്ങൾ
കോഴിക്കോട്: 'സമൂഹത്തിലെ ഒരോ ജീവനും വിലപ്പെട്ടതാണ് ജീവിതം നീളുന്നതോ ചുരുങ്ങുന്നതോ പ്രസക്തമല്ല, അതിൻ്റെ ഗുണമേന്മയാണ് പ്രധാനം എന്ന് നമ്മെ ഓർമിപ്പിക്കുന്നതാണ് പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനം. വേദനയാൽ തകർന്ന് തളർന്നു പോകുന്ന മനുഷ്യർക്ക് സ്നേഹം പകർന്ന് നൽകുന്ന ദൗത്യത്തിന് നേതൃത്വം നൽകുകയാണ് കോഴിക്കോട് സി.എച്ച് സെൻ്ററെന്ന് ' പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ കീഴിൽ ജില്ലയിലെ വിവിധ മേഖകളിൽ പാലിയേറ്റീവ് പരിചരണത്തിൽ കഴിയുന്ന രോഗികളുടെ ജൈവസ്മിതം'25 പാലിയേറ്റീവ് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് ദേവഗിരി സി.എച്ച് സെൻ്റർ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയിൽ സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ സ്നേഹ സന്ദേശം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് , ജില്ല പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, വനിത ലീഗ് ജില്ല പ്രസിഡൻ്റ് ആമിന ടീച്ചർ, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ പാളയാട്ട് അഹമ്മദ്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അരിമ്പ്ര അബൂബക്കർ, ജമാൽ ഓർക്കാട്ടേരി സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സി.എച്ച് സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് ചടങ്ങിൽ കൈമാറി. 2026 ലെ സി.എച്ച് സെൻ്റർ കലണ്ടർ പ്രകാശനം ബഷീറലി തങ്ങൾ നിർവഹിച്ചു. ഇശൽ കൊയിലാണ്ടി മുട്ടിപ്പാട്ട് സംഘത്തിൻ്റെ നേതൃത്വത്തിൽ കലാ വിരുന്നും അരങ്ങേറി. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ പി.എൻ.കെ അഷ്റഫ്, മരക്കാർ ഹാജി, സഫ അലവി ഹാജി, സെക്രട്ടറിമാരായ ഒ. ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, വനിത വിങ് ചെയർപേഴ്സൺ ടി.കെ സീനത്ത്, സൗദ ജനറൽ കൺവീനർ സൗദ ഹസ്സൻ, ട്രഷറർ റുഖിയ്യ പരിപാടിക്ക് നേതൃത്വം നൽകി. പി.ടി.എച്ച് കോഡിനേറ്റർമാർ, വളണ്ടിയർമാർ, സ്റ്റാഫ് സംബന്ധിച്ചു.